പൂക്കോയ തങ്ങളുടെ നവോത്ഥാന ഇടപെടലുകൾ

കാരശ്ശേരി, ചേന്നമംഗലൂർ, കെ.ഇ.എൻ എന്നിവരുമായി അഭിമുഖസംഭാഷണം നടത്തി അവരിലെ നിലപാടുകളുടെ വംശാവലി കണ്ടെത്തുക എന്നായിരുന്നു ആഗ്രഹം. സർവകലാശാലയിൽ എത്തിയതിന് ശേഷം അവരോട് സുദീർഘമായി സംസാരിക്കുകയും ചെയ്തു. പ്രിയപ്പെട്ട മാഷ് C Ganesh Cherukat അതിനായി അവസരങ്ങൾ ഒരുക്കിത്തന്നു.കെ.ഇ.എൻ ടൈംസ് ഓഫ് ഇന്ത്യയിൽ ‘കൺവേർട്ട് ടു ഇസ്ലാം’ എഴുതിയ നേരത്താണ് ചന്ദ്രിക ആഴ്ചപ്പതിപ്പിനുവേണ്ടി അദ്ദേഹവുമായി സംസാരിക്കുന്നത്. അഭിമുഖം തുടങ്ങിയത് കെ.ഇ.എൻ ചിന്താപരിവർത്തനത്തിലാണ് എന്ന് പറഞ്ഞുകൊണ്ടാണ്. നവോത്ഥാനം, രാഷ്ട്രീയം, മതം, സംസ്കാരം ഇടപെടലുകളിലെ ദൃശ്യതയെക്കുറിച്ച് സംഭാഷണം മുന്നോട്ട് പോയി. മമ്പുറം തങ്ങളുടെ പൂക്കോയ തങ്ങളുടെ നവോത്ഥാന ഇടപെടലുകൾ, തൊപ്പിയുടെ തട്ടത്തിൻ്റെ രാഷ്ട്രീയ മാനം, ചോയ്സുകളിലെ ലിബറൽ ഇടതുപക്ഷത്തിൻ്റെ നിലപാടിലെ വീഴ്ചകൾ എന്നിങ്ങനെ രണ്ട് മണിക്കൂറിലധികം നേരമാണ് മലയാളസർവകലാശാലയിൽ വെച്ച് അദ്ദേഹവുമായി സംസാരിച്ചത്. പിന്നീട് അഭിമുഖം എഴുതി തയ്യാറാക്കി അദ്ദേഹത്തിന് അയച്ചുകൊടുത്ത് വായിച്ചു കഴിഞ്ഞ് തിരുത്താനുള്ളത് പെട്ടെന്ന് തന്നെ അറിയിച്ചാൽ നന്നായിരുന്നു എന്ന് പറഞ്ഞും പെട്ടെന്ന് കിട്ടിയാൽ വളരെ ഉപകാരമായിരിക്കും എന്ന അടിക്കുറിപ്പും നൽകി ഫോൺ വെച്ചപ്പോൾ പ്രതിക്ഷിച്ചിരുന്നില്ല പിറ്റേന്നാൾ അതിരാവിലെ തന്നെ ഭംഗിയായി എഡിറ്റ് ചെയ്ത് തരുമെന്ന്. ചന്ദ്രികയിൽ കവർ പേജായി തന്നെ അഭിമുഖം പ്രസിദ്ധീകരിച്ചു. ചന്ദ്രിക നന്നായി ചെയ്തു, അതിനേക്കാൾ അപ്പുറം എങ്ങനെയാ ചെയ്യാ സെലീമെ എന്ന് കാണുമ്പോഴൊക്കെ പറയും. അങ്ങനെയാണ് കെ.ഇ.എൻ ‘വാക്ക് പൂക്കും വഴികൾ’ പ്രസാധകരോട് പറഞ്ഞ് മലയാളസർവകലാശാലയിലേക്ക് എത്തിക്കുന്നത്. മാഷിൻ്റെ പ്രിയപ്പെട്ട ശിഷ്യനായ കെ.എം അനിൽ മാഷിനും പുസ്തകമുണ്ടായിരുന്നു.മലയാള വാക്കുകൾക്ക് ഇത്രമേൽ അർത്ഥം കല്പിക്കാനാകുമെന്ന്, ചിന്തകളെ നിരൂപണ ബുദ്ധിയാൽ വാക്കുകളിലൂടെ ഉൽപാദിപ്പിക്കാമെന്ന് അദ്ദേഹത്തെ വായിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്. മനോഹര ചിന്തയെ നിർമ്മിക്കുന്ന വാക്കുകളുടെ ആർക്കിടെക്ടർ.പുരോഗമനവാദികൾ എന്ന് സ്വയം വിശ്വസിക്കുന്നവരും അവർ പോലുമറിയാതെ ഭരണവർഗ പ്രത്യയശാസ്ത്ര മാലിന്യങ്ങൾ അവരിലുണ്ടെന്ന് കെ.ഇ.എൻ എപ്പോഴും തുറന്നു പറയാമായിരുന്നു. സാംസ്കാരിക-രാഷ്ട്രീയത്തിൻ്റെ അടിത്തറകളിൽ ഭദ്രമായിക്കിടക്കുന്ന സവർണഹൈന്ദവദേശീയ പ്രത്യയശാസ്ത്രപരിസരത്തെ വെളിപ്പെടുത്താൻ അദ്ദേഹം തുനിഞ്ഞു. ചരിത്രനിർമ്മിതികളിലെ അധികാരങ്ങൾ ബ്രാഹ്മണാധിപത്യത്തിൻ്റെ അധീശത്വങ്ങളായി നിലനിൽക്കുമ്പോൾ മണ്ണിൽ പണിയെടുത്തവൻ്റെ ചരിത്രം അന്വേഷിച്ചു. ഹിന്ദുത്വബുദ്ധിജീവികളെ വിറളിപിടിപ്പിച്ച മൃദു ഹിന്ദുത്വവാദികൾക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ച കൃതിയായിരുന്നു അദ്ദേഹത്തിൻ്റെ ഇരകളുടെ മാനിഫെസ്റ്റോ. അങ്ങനെ നിരവധി കൃതികളുണ്ട്.’വാക്കും പൂക്കും വഴിക’ളെ കെ.എം അനിൽ മാഷിൻ്റെ ക്ലാസിലും ചർച്ചക്കെടുത്തിരുന്നു. സാഹിത്യചരിത്രവിജ്ഞാനീയ ക്ലാസിൽ സാഹിത്യത്തിലെ പ്രതിനിധാനത്തിൻ്റെ ചർച്ചയിലാണ് കെ.ഇ.എൻ മാഷ് നൽകുന്ന പ്രതിനിധാനങ്ങളെക്കുറിച്ച് പറഞ്ഞത്. വരേണ്യവർഗത്തിൻ്റെ നേരംപോക്കായിരുന്ന സാഹിത്യം അരികുവൽക്കരിക്കപ്പെട്ട ആവിഷ്കാരങ്ങളുടെ, ജീവിതങ്ങളുടെ മൂർച്ചയേറിയ നരേഷനുകളാണിന്ന്. അതിലെ കവിതകൾ പേറുന്ന അർത്ഥഗർഭവേദനകളെ ഒന്നാകെ ആവാഹിച്ച് അനുഭവിപ്പിക്കുകയാണ് കെ.ഇ.എൻ ഈ കൃതിയിൽ. രിസാല വാരികയിൽ ‘അരികെഴുത്ത്’ കോളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകളാണ് ഇതിലേറെയും. മുൻനിര കവികൾ എഴുതിയ കവിതകളും പുതുകാല സൈബറിടത്തിലെ കവിതകളും സ്കൂൾ കുട്ടികളുടെ സാധാരണക്കാരുടെ മൂർച്ചയേറിയ അനുഭവങ്ങളെ കേരളത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിപ്പിച്ച് നാമറിയാതെ നമ്മിൽ കടന്നുകൂടിയ അധീശത്വ അധികാരങ്ങളുടെ ഭാഷയെ ഒരു നിമിഷം പുനരാലോചിക്കാൻ ഈ കൃതി നിർബന്ധം പിടിക്കുന്നുണ്ട്.’Noise is the new garbage in our society. What we urgently need today is a meditative state for our life’ – സുന്ദർ സരൂക്കായ്

Leave a Reply

Your email address will not be published. Required fields are marked *