മഹാഭാരതകഥാപാത്രങ്ങളിലെ കര്‍ണന്‍

ര്‍ണ്ണന്‍ – ശിവാജി സാവന്ത് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ വായനാനുഭവത്തേക്കാള്‍ ഒരു പടി മുന്നിലായിരുന്നു എനിക്ക് 2001ല്‍ മൊഴിമാറ്റത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശിവാജി സാവന്തിന്റെ കര്‍ണന്‍ എന്ന നോവല്‍. മറാത്തി നോവലിസ്റ്റായ ശിവാജി സാവന്തിന്റെ നോവലിന്റെ യഥാര്‍ഥ പേര് മൃത്യുഞ്ജയ എന്നാണെങ്കിലും കര്‍ണന്‍ എന്ന പേരില്‍ മലയാളത്തിലേക്ക് ഭാഷാന്തരം നടത്തിയത് പികെ ചന്ദ്രനും ജയശ്രീയുമാണ്. മലയാളത്തിൽ കർണ്ണനെ ആസ്പദമാക്കി പികെ ബാലകൃഷ്ണൻ എഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ എന്ന് നോവൽ ഇത് പോലെ മികച്ചതാണ്. മഹാഭാരതകഥാപാത്രങ്ങളിലെ കര്‍ണന്‍ പ്രതിനാധാനം ചെയ്യുന്ന പ്രമേയത്തിന്റെ കീഴാളപരതയും മൊഴിമാറ്റത്തിലെ വശ്യമായ ആഖ്യാനങ്ങളും പ്രയോഗങ്ങളും വായനക്കാരനെ കൂടുതല്‍ നോവലിലേക്ക് അടുപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ എപിക് സാഹിത്യത്തില്‍ കര്‍ണ്ണന്‍ എന്ന കഥാപാത്രം മറ്റു കഥാപാത്രങ്ങളെ പോലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രമാണോ എന്ന് ആ കഥാപാത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ തീക്ഷ്ണത നമ്മെ സംശയത്തിലാക്കുന്നുണ്ട്. ജാതിപ്രശ്‌നവും സ്വത്വപ്രതിസന്ധിയും അനീതി-പരിഹാസം എന്നിവക്കെതിരെയുള്ള ധര്‍മ്മ സമരവും കര്‍ണന്‍ എന്ന കഥാപാത്രത്തെ മറ്റു കഥാപാത്രങ്ങളുടെ ദന്തഗോപുര ഭാവനകളേക്കാള്‍ സാധാരണക്കാരിലേക്ക് ആഴത്തില്‍ സ്വാധീനിക്കുന്നതായി കാണാം. സൂര്യപൂത്രനായി ജനിച്ച് സൂതപുത്രനായി വളര്‍ന്ന് താന്‍ നേരിട്ട ജാതി പരിഹാസങ്ങളെയും നെറികേടുകളെയും ആയോധന കലയിലൂടെ ചെറുത്ത് തോല്‍പിക്കുന്ന കര്‍ണന്‍ എപിക്കുകളുടെ അകത്ത് കീഴാളപരതയുടെ ബിംബത്തെ രൂപപ്പെടുത്തിയെടുക്കുന്നതായി കാണാം. സത്യത്തില്‍ മഹാഭാരതം, ഇലിയഡ്, ഓഡീസി തുടങ്ങിയ എപിക് സാഹിത്യം അക്കാലത്തെ ജനമനസ്സുകളില്‍ ഉണ്ടാക്കിയെടുത്തതിന്റെ ഫലമായി സാഹിത്യ സിദ്ധാന്തപഠനങ്ങളില്‍ എപിക് ആണോ നോവലാണോ കേമം എന്ന ചര്‍ച്ചയടക്കം ഉടലെടുത്തിയിരുന്നു. നോവലിന്റെ സിദ്ധാന്തം( The Theory of Novel) എന്ന പുസ്തകത്തില്‍ ജ്യോര്‍ജ് ലൂക്കാച്ച് എപിക്കുകളാണ് പൂര്‍ണ്ണതയും റിയലിസ്റ്റിക്കുമായ സാഹിത്യങ്ങളെന്ന് അവകാശപ്പെടുമ്പോള്‍, വാള്‍ട്ടര്‍ ബഞ്ചമിന്‍ കല എന്നത് എപിക്കോ നോവലോ കൊളോഷോ എന്തുമാകാം എന്ന പക്ഷക്കാരനായിരുന്നു. പ്രസ്തുത സംവാദം പിന്നീട് സാഹിത്യ വിമര്‍ശന പഠനത്തില്‍ Content- Form തമ്മിലുള്ള തര്‍ക്കമായിതന്നെ രൂപപ്പെട്ടിരുന്നു. ഏതായാലും മഹാഭാരതം എന്ന എപികിലെ കര്‍ണനെ സൂക്ഷമമായ പാഠവിശകലനത്തിന് വിധേയമാക്കിയ അക്കാദമിക് കുറിപ്പിക്കുളൊന്നും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. കേവല ഇതിഹാസ കഥാപാത്രം എന്നതിലുപരി കര്‍ണനെ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഒരു പ്രത്യേക സാഹ്യചര്യത്തില്‍ ഉണ്ടായ ആലോചന എന്ന രീതിയില്‍, പാഠത്തിന്റെ അകത്ത് രൂപപ്പെട്ട ജാതിവിമര്‍ശനത്തിന്റെ സാധ്യതകള്‍ കാണാവുന്നതാണ്. Marxist Literary Criticism എന്ന പുസ്തകത്തില്‍ ടെറി ഈഗിള്‍ട്ടണ്‍ രസകരമായി സാഹിത്യസൃഷ്ടികളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട് ” നമ്മള്‍ സാധാരണയായി നമ്മുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുള്ളത് യഥാര്‍ഥ കലാസൃഷ്ടി എന്നാല്‍ ചരിത്രസന്ദര്‍ഭങ്ങളെ ഭേദിക്കുന്ന കാലാതിവര്‍ത്തിയായ കലാസൃഷ്ടിയെന്നാണ്. എന്നാല്‍ എല്ലാ കലാസൃഷ്ടിക്കും ഒരു ചരിത്രസന്ദര്‍ഭമുള്ളതായികാണാം”

Leave a Reply

Your email address will not be published. Required fields are marked *