ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് –

ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് – പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരികയാണെങ്കില്‍ എന്റെ പേര് വൈ. മു. ബ പണിക്കര്‍ എന്നാക്കുമെന്നും അപ്പോള്‍ പിന്നെ പോകേണ്ടി വരില്ലല്ലോ എന്ന് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീര്‍” ന്റെ പൊന്ന് കുഞ്ഞുപാത്തുമ്മാ, നീ ആനമക്കാരിന്റെ പുന്നാരമോള്ട പുന്നാര മോളാ! നിന്റെപ്പൂപ്പാക്കേ ഒരാനേണ്ടാര്‍ന്ന്, അത് വലിയ അസലുള്ള ആനേര്‍ന്ന് ‘നാട്ടുപ്രമാണിയുമായ ‘വട്ടനടിമ’യുടെ വീടരുമായ കുഞ്ഞുതാച്ചുമ്മ എല്ലാ ആഭരണങ്ങളുമണിഞ്ഞ് കസവുതട്ടവും കുപ്പായവുമിട്ട് കൊണ്ടാണ് കുഞ്ഞിപ്പാത്തുമ്മയ്ക്ക് ഈ മഹത്തായ രഹസ്യം വെളിപ്പെടുത്തുന്നത്. മധ്യ വര്‍ഗ- വരേണ്യ മാപ്പിള മുസ്ലിം ജീവിതങ്ങളിലെ ഊതിവീര്‍പ്പിച്ച തറവാടിത്വത്തിന്റെ വംശാവലിക്ക് (Geneology) കേവലം കുഴ്യയാനയുടെ വലിപ്പം മാത്രമായിരുന്നെന്ന് ഓര്‍മിപ്പിക്കുന്ന ബഷീറിന്റെ ഹാസ്യവിമര്‍ശന നോവലാണ് ന്റുപ്പൂപ്പാക്ക്ആനേണ്ടാര്‍ന്ന്. ഒഴുക്കന്‍ മട്ടിലുള്ള വായനക്കപ്പുറം സൂക്ഷ്മമായി വായിക്കുമ്പോള്‍, ആധുനികതയും ദേശീയതയും മതാത്മകതയും മാപ്പിള മുസ്ലിം ജീവിതങ്ങളില്‍ പലയിടങ്ങളില്‍ ഐക്യപ്പെടുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും തിരുത്തുകയും ചെയ്യുന്നുണ്ടെന്നതാണ് ബഷീര്‍ കഥാപാത്രങ്ങളിലൂടെ പറയുന്നത്. വിനീത ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബഷീര്‍ സത്യത്തില്‍ ഈ നോവലില്‍ ഹാസ്യത്തിലൂടെ ഒരു Mock History (കളി ചരിത്രം) നിര്‍മ്മിക്കുന്നുണ്ട്. മധ്യവര്‍ഗ മാപ്പിള ജീവിതങ്ങളിലെ മതവിശ്വാസവും ആചാരവും വിദ്യാഭ്യാസത്തിലെ ന്യൂനീകരണ ബോധവും ആഢ്യത്വവും ബഷീര്‍ പ്രതീകാത്മകമായി ചില ബിംബങ്ങളിലൂടെ( കണ്ടിട്ടില്ലാത്ത ആന പെരുമയില്‍ വിശ്വസിക്കുന്ന കുഞ്ഞിപ്പാത്തുമയും ഉപജീവനമായ കാളവണ്ടിയുടെ അവകാശം പറയുന്ന ആയിഷയും ഉദാഹരണം) വിമര്‍ശന വിധേയമാക്കുന്നതായി കാണാം. ജനലുകളൊക്കെ അടച്ചുപൂട്ടിയ കൊച്ചുമുറിയില്‍ കഴിയുന്ന കുഞ്ഞിപാത്തുമ്മയോട് നിസാര്‍ അഹമ്മദിന്റെ ബാപ്പ സൈനുല്‍ ആബിദീന്‍ ചോദിക്കുന്നുണ്ട് ” ഇതില്‍ കാറ്റും വെളിച്ചവും കടക്കണം. ആ ജനല്‍ അടച്ചിട്ടിരിക്കുന്നതെന്തിന് ?. ” ജനല്‍ തുറന്ന അദ്ദേഹം സ്വയം പറയുന്നുണ്ട് ” വെളിച്ചത്തിന് എന്തൊരു വെളിച്ചം” . നമ്മുടേത് എന്ന് കരുതപ്പെടുന്ന ഇടങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും അടച്ചിടാനുള്ളതല്ലെന്ന് മുസ്ലിം സമുദായത്തെ ബഷീര്‍ നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. പ്യൂരിറ്റാനിക്കല്‍ ഇസ്ലാമിന്റെ അംശങ്ങള്‍ ബഷീറിന്റെ എഴുത്തില്‍ നിഷേധിക്കാനാവില്ലെങ്കിലും ബഷീറിനെ കൂടുതല്‍ വ്യത്യസ്തനാക്കുന്നത് ഒരേ സമയം ഇന്ത്യക്കാരനും മലയാളിയും മാപ്പിളയും ആകുന്നുവെന്നതാണ്. കാഫ്കയുടെ എഴുത്തുകളെ ആസ്പദമാക്കി ദെല്യൂസും ഗുത്താരിയും വിശദീകരിക്കുന്ന Minor Literature ന്റെ സാധ്യതകള്‍ ബഷീറിന്റെ മുസ്ലിം സ്വത്വത്തിലും റിയലിസത്തിലും ഉണ്ടായിരുന്നുവെന്നതാണ് നേര്. കാരണം മാപ്പിള ഭാഷയും സ്വനിര്‍മ്മിത പദങ്ങളും കഥാപാത്രങ്ങളുടെ ബഹുസ്വരതയും ദേശാതീതമായ ഹ്യൂമനിസവും പ്രയോഗിക്കുന്ന ബഷീര്‍ കൃതികള്‍ക്ക് മലയാള സാഹിതീയ പൊതുമണ്ഡലത്തെ അതിന്റെ സവര്‍ണ- മധ്യവര്‍ഗ ഭാവനങ്ങളില്‍ നിന്ന് അപദേശവല്‍കരിക്കാന്‍( deterritorialization) സാധിച്ചിരുന്നു. ബഷീറിന്റെ സൂക്ഷ്മപ്രയോഗങ്ങളെ ഇംഗ്ലീഷിലേക്ക് ആഷര്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഈ നോവിലിന് ലഭിച്ച പേരായിരുന്നു ‘Me Grandad Ad an Elephant’.ഒ വി വിജയന്‍ ബഷീറിനെ വര്‍ണിക്കുന്നത് ഇങ്ങനെ : .മലയാള ശൈലി കേവലം ദ്രാവിഡമോ സംസ്‌കൃതമോ അല്ല. മലയാളി മാപ്പിളമാര്‍ അതിന്റെ സ്വര പദശേഖരങ്ങളെ വളര്‍ത്തി ധന്യമാക്കിയിട്ടുണ്ട്. ഈ സാഹിത്യത്തില്‍ ബഷീര്‍ക്ക ഒരു മാപ്പിളയും മലയാളിയും ഭാരതീയനുമായിത്തീരുന്നു. നാലു വാല്യത്തില്‍ എഴുതിയ നോവലുകള്‍ നമുക്ക് തരുന്നത് ചരിത്രപരമായ വിവരണങ്ങളും വിരസമായ കഥാഗതിയും ആയിരിക്കും. ബഷീര്‍ക്കയുടെ ഈ കൊച്ചു കഥകളെ ഞാന്‍ ഇതിഹാസങ്ങള്‍ എന്ന് വിളിക്കും. ആയിശ കുഞ്ഞുപാത്തുമ്മയെ വഴുതനങ്ങയുടെ ഉച്ചാരണം പഠിപ്പിക്കുന്നുണ്ടെങ്കിലും അധ്യയനത്തിന്റെ രസാംശം മുറ്റി നില്‍ക്കുന്നത് കുഞ്ഞിപാത്തുമ്മയുടെ ‘ബയുതനങ്ങ’യിലാണ്. ആയിശ തോറ്റുവെന്നോ കുഞ്ഞിപാത്തുമ്മ ജയിച്ചുവെന്നോ പറയുന്നത് സംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ അനുഭവങ്ങളിലൊന്നായി ഈ രംഗം തെളിഞ്ഞുനില്‍ക്കുന്നുവെന്ന് കാണിക്കാന്‍ മാത്രം.ഇമ്മിണി ബല്യ’ബഷീര്‍ക്ക’യെ പരിചയപ്പെടുത്താന്‍ ഇത്ര പോരാ എന്ന ബോധ്യത്തോടെ…ഏഴ് ദിവസത്തെ പുസ്തക ചലഞ്ചിനായി സഹൃദയനായ സലീംദേളിയെ സസ്‌നേഹം ക്ഷണിക്കട്ടെ.ശുഭം🖤 മംഗളം❤️🥰

Leave a Reply

Your email address will not be published. Required fields are marked *