The Patience Stone – Atiq Rahimi

The Patience Stone – Atiq Rahimiപേര്‍ഷ്യന്‍ മിത്തിലെ സന്‍ഗേ സബൂര്‍ എന്ന ഒരു ചിന്തോദ്ദീപകമായ കഥയുണ്ട്. ലോകത്ത് ജീവിക്കുന്നവരുടെ നൊമ്പരങ്ങളുടെ, വേദനകളുടെ, പീഡനങ്ങളുടെ മുഴുന്‍ തീക്ഷ്ണാനുഭവങ്ങളും കേട്ട്, വഹനശേഷിയില്ലാതെ സ്വയം പൊട്ടിത്തെറിക്കുന്ന സഹന ശിലയുടെ കഥയാണത്. പേര്‍ഷ്യന്‍ നോവലിസ്റ്റായ സാദഖ് ചബക് എഴുതിയ സന്‍ഗേ സബൂര്‍ എന്ന നോവലുപോലെ തന്നെ ഫ്രഞ്ച് അഫ്ഗാന്‍ എഴുത്തുകാരനായ ആതിഖ് റഹീമിയുടെ ഈ നോവല്‍ (2018) പ്രസ്തുത മിത്ത് അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. കണ്ണുകള്‍ തുറന്ന് കഴുത്തില്‍ മുറിവേറ്റ് കിടക്കുന്ന, ചലനമറ്റ ഭര്‍ത്താവിനോട് തന്റെ വേദനകളും സങ്കടങ്ങളും വിചാരങ്ങളും സ്വപ്‌നങ്ങളും അതീവ രഹസ്യങ്ങളും എല്ലാം തുറന്ന് പറയുന്ന, രോഗ പരിചരണം നടത്തുന്ന ഒരു ഭക്തയായ മുസ്ലിം സ്ത്രീ. അവസാനം എല്ലാം കേട്ട്, പൊട്ടിത്തെറിച്ച് ചലന ശേഷി വീണ്ടെടുത്ത് അവളെ കൊല്ലാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെ ക്രൂര മുഖത്തെയാണ് സന്‍ഗേ സബൂര്‍ എന്ന ബിംബത്തിലൂടെ ആതിഖ് റഹീമി ആവിഷ്‌കരിക്കുന്നത്. ഭര്‍ത്താവിനെ ഇടക്ക് അവള്‍ പരിഹാസവും സ്‌നേഹവും കലര്‍ന്ന ഭാഷയില്‍ ഇടക്ക് സന്‍ഗേ സബൂര്‍ എന്ന് വിളിച്ചുകൊണ്ട് തന്നെ കഥ പറയുന്നുണ്ട്. മതവും രാഷ്്ട്രീയവും യുദ്ധവും ലൈംഗികതയും ഒരു പോലെ കൂടികലര്‍ന്ന താലിബാന്‍ അധീനഅഫ്ഗാന്‍ സാഹചര്യത്തില്‍, സജീവമായ സ്ത്രീപക്ഷ ആഖ്യാനം തന്നെയാണ് നോവല്‍ മുന്നോട്ട് വെക്കുന്നത്. അഫ്ഗാന്‍ എന്ന മുസ്ലിം രാഷ്ട്രത്തില്‍ സ്ത്രീയുടെ അവകാശവുമായി ബന്ധപ്പെട്ട് നീണ്ട ഒരു അതിജീവനത്തിന്റെ ചരിത്രം തന്നെയുണ്ട്. ഇന്ന് രാവിലെയുള്ള ബിബിസിയിലടക്കം ഐ എസ് കുട്ടികളക്കം പന്ത്രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് വായിച്ചത്. ലൈംഗികത, ആണ്‍കോയ്മ, മതം, രാഷ്ടീയം, എന്നിവയെ സവിശേഷ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴും സ്ത്രീ സ്വാന്തന്ത്ര്യം, അവകാശം എന്നിവയെക്കുറിച്ച് വളരെ ക്രിട്ടിക്കലായ ഒരു ഇമേജ് നോവലിസ്റ്റ് സൃഷ്ടിക്കുന്നതായി കാണാം. ഭര്‍ത്താവിന്റെ അബ്യൂസ് സഹിച്ച്, വിവാഹത്തിന് മുമ്പും ശേഷവും കുടുംബജീവിതത്തിലും വൈവാഹിക ബന്ധത്തിലും ഏജന്‍സി നഷ്ടപ്പെട്ട ഭക്തയായ മുസ്ലിം സ്ത്രീയുടെ വിമോചനം നോവലിസ്റ്റ് അറിഞ്ഞോ അറിയാതെയോ ലൈംഗികത മൂത്ത് അവളെ ബലമായി ഉപയോഗപ്പെടുത്തുന്ന കൗമാരക്കാരന്റെ Sexual Frustrationല്‍ ഒതുക്കുന്നതായി കാണാം. പിന്നീട് അനുകമ്പ, സൗഹൃദം, സഹായം ഉണ്ടാകുന്നുവെന്ന് ന്യായമായി പറയാമെങ്കിലും ജയിക്കുന്നതും സംതൃപ്തിയടയുന്നതും ആണ്‍കോയ്മയുടെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതുമായ ചിത്രം തന്നെയാണ് ആ കൗമാരപ്രായമുള്ള പട്ടാളക്കാരനിലുള്ളതും. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, ലിബറല്‍, മുഖ്യധാര ഫെമിനിസത്തിന്റെ അകത്ത് തന്നെ ‘സംരക്ഷിക്കപ്പെടുന്ന ഒരു സവിശേഷ ആണത്ത്വത്തിന്റെ ബിംബത്തെക്കുറിച്ചാണ്’. ആമുഖത്തില്‍ നോവലിനെക്കുറിച്ച് ഖാലിദ് ഹുസൈനി വിശദീകരിക്കുന്നത് ഇങ്ങനെ ” മതചിട്ടയുള്ള, ലൈംഗിക ഭാവനകളില്ലാത്ത, മാതൃഗുണങ്ങളുളള നായിക ബിംബത്തിലേക്ക് പോകുന്നതിന് പകരം, സ്ത്രീ ഒരു ലൈംഗിക വസ്തുവാണെന്ന അഫ്ഗാന്‍ ആചാരബോധങ്ങള്‍ക്ക് പകരം അതിജീവനുള്ള, ധൈര്യശാല്യയായ സ്ത്രീയെ ചിത്രീകരിക്കുന്നു” എന്നാല്‍ നോവലിലെ നായികയുടെ അവകാശവും വിമോചനവും അതിജീവനവും നേരത്തെ പറഞ്ഞ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്ന ആണത്ത നരേറ്റീവുകളിലാണ് അഭയം കണ്ടത്തുന്നത്. അതായത് ഉള്‍കൊള്ളുന്നുവെന്ന് വിളിച്ചുപറയുകയോ പറയപ്പെടുകയോ ചെയ്യുന്ന എഴുത്തുകളുടെ അകത്ത് പോലും ഒരു സവിശേഷ Gender Exclusion പ്രശ്‌നങ്ങള്‍ കാണാവുന്നതാണ്. ലൈല അബൂ ലുഗോദ് എഴുതിയ Do Muslim Women need Saving? ലേഖനത്തില്‍’ അഫ്ഗാന്‍ സ്ത്രീയുടെ പ്രശ്‌നം’ എന്ത് കൊണ്ട് പ്രത്യേക രാഷ്ട്രീയമുള്ള ഒരു പൊതുമണ്ഡല ചര്‍ച്ചയുടെ ഭാഗമാവുന്നുവെന്ന് പരിശോധിക്കുന്നുണ്ട്. മതവും ആണ്‍കോയ്മയും രാഷ്ട്രീയവും എല്ലാം ഉള്‍ചേര്‍ന്ന പ്രാദേശിക ചരിത്രത്തില്‍ അവിടുത്തെ പട്ടിണി, അധിനിവേശം, യുദ്ധങ്ങളുടെ രാഷ്ട്രീയം, വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങളെയും ഉള്‍പ്പെടുത്താതെ ആഖ്യാനത്തിന് വിധേയമാക്കുന്നത് ഒരു Selective, Exclusionary attitudeന്റെ ഭാഗമായാണ് തോന്നുന്നത്. പറഞ്ഞ് വരുന്നത് താലിബാന്‍ അധീന അഫ്ഗാനില്‍ ലിംഗപ്രതിസന്ധി പ്രശ്‌നവത്കരിക്കുന്നതോടൊപ്പം അവയെ ചുറ്റിനില്‍ക്കുന്ന പൊതുമണ്ഡല രാഷ്ട്രീയവും അധിനിവേശം, ആഗോള അനീതി എന്നിവയെക്കുറിച്ചുള്ള ആഖ്യാനങ്ങളും ഒരര്‍ഥത്തില്‍ അനിവാര്യമാണ്. white mensaving brown women from brown men എന്ന് ഗായത്രി സ്പിവാക് പറയുന്നത് പോലെ ചരിത്രപരമായി രൂപപ്പെട്ട് വരുന്ന സ്ത്രീപക്ഷ ആഖ്യാനങ്ങളുടെ അകത്ത് തന്നെ ഒരു തരം പുറംതള്ളല്‍ കാണാം( അനുഭവ് സിന്‍ഹയുടെ ഥപ്പടിലും Middle Class Slapന്റെ പരിമിതികള്‍ കാണാവുന്നതാണ്). പ്രസ്തുത വായനകളെ ഏറെ സഹായിക്കാന്‍ ഉപകരിക്കുന്ന കൃതികളാണ് ചന്ദ്രമോഹന്ദി എഡിറ്റ് ചെയ്ത Third World Women and The Politics of Feminism, എലിസബത്ത് സ്പില്‍മാന്‍ എഴുതിയ Inessential woman problems of Exclusion in Feminist Thought, നന്ദിനി ദിയോ എഡിറ്റ് ചെയ്ത Post Secular Feminism Religion and Gender in Transnational context എന്നീ കൃതികള്‍(ഞാന്‍ വായിച്ചതില്‍ ചിലത് മാത്രം). ഏതായാലും ഫ്രഞ്ച് നാടകകൃത്തായ Antonin Artaud ന്റെ From the body by the body with the body since the body and untill the body വരികള്‍ കൊണ്ട് തുടങ്ങുന്ന നോവല്‍ ആഖ്യാനത്തിന്റെ തീക്ഷ്ണത കൊണ്ട് വായനക്കാരനെ മുറിപ്പെടുത്തുന്നത് തന്നെയാണ്. 2012ല്‍ പ്രസ്തുത നോവല്‍ സിനിമയാക്കുകയും മികച്ച വിദേശസിനിമക്കുള്ള ഓസ്‌കാര്‍ അവാര്‍ഡില്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *