ജ്ഞാനോല്‍പാദനപരമായ ‘സാംസ്‌കാരിക മൂലധനം’

ചന്ദ്രിക ആഴ്ചപതിപ്പ് ക്രമേണെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വീണ്ടും വേദനയോടെയാണ് കേള്‍ക്കുന്നത്. നേരത്തെ ഇതേ വാര്‍ത്ത അല്‍പ്പം മാസങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്നു. അന്ന് പല സാംസ്‌കാരിക-രാഷ്ട്രീയ-ആക്കാദമിക് എഴുത്തുകാരും ചന്ദ്രിക പ്രതിനിധാനം ചെയ്യുന്ന മാധ്യമധര്‍മ്മത്തിന്റെ ആവശ്യകതയെ ചൂണ്ടികാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളെഴുതിയിരുന്നു. വീണ്ടും ഇത് ചര്‍ച്ചയാവുന്നത് രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളോ, സാമ്പത്തിക ഘടകങ്ങളോ, മാനേജ്‌മെന്റിന്റെ താല്‍പര്യകുറമോ/വിഷനില്ലായ്മയോ എന്നീ പല ഘടങ്ങളാണ് കാരണമെന്ന് ശ്രുതികളുണ്ടെങ്കിലും മുസ്്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലായിരിക്കെ ‘ ചന്ദ്രിക ആഴ്ചപതിപ്പ്’ എന്ന പ്രസിദ്ധീകരണം കേരളീയ പൊതുമണ്ഡലത്തില്‍ ഉല്‍പാദിപ്പിച്ച ജ്ഞാനോല്‍പാദനപരമായ ‘സാംസ്‌കാരിക മൂലധനം’ വിലമതിക്കാനാവാത്തതാണ്. മലബാര്‍ സമരങ്ങള്‍ക്ക്

ശേഷം ഉണ്ടായ സാമൂഹിക-സംസ്‌കാരിക പൊതുമണ്ഡലത്തിന് ജൈവിക ഗുണം നല്‍കുന്നത് തന്നെയായിരുന്നു 1950കളിലെ ചന്ദ്രിക ആഴ്ചപതിപ്പിന്റെ ആരംഭം. അതായത് ഇന്നത്തേക്ക് എഴുപത് വര്‍ഷത്തിന്റെ പാരമ്പര്യമുണ്ട്് ആ മാധ്യമ സ്ഥാപനത്തിന്….. സാംസ്‌കാരിക-സാഹിത്യ-സാമൂഹ്യശാസ്ത്രരചനകളില്‍ മുഖ്യധാരമെന്ന് കരുതപ്പെടുന്ന ചന്ദ്രിക വര്‍ഷങ്ങളായി വഹിക്കുകയും വിതരണം ചെയ്യുകയ്യും ചെയ്യുന്ന സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുന്നത് സമുദായത്തിനകത്തും പുറത്തും സാമൂഹിക മണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന റിസോഴ്‌സ് പേഴ്‌സണുകള്‍ ഇല്ലാത്തത് കൊണ്ടാണോ?, അല്ല സാമ്പത്തികമാണ് കാരണമെങ്കില്‍, അതിന് മതിയായ സ്‌പോണ്‍സേഴ്‌സ് /Crowd Funding ഈ മാധ്യമസ്ഥാപനത്തിന് ലഭിക്കാത്തത് കൊണ്ടാണോ?, അല്ല രാഷ്ട്രീയപരമാണ് കാരണമെങ്കില്‍ തീവ്രഹിന്ദുത്വരാഷ്ട്രീയശക്തികളുടെ സമ്മര്‍ദ്ധങ്ങളാണോ?…..ഇങ്ങനെ നീളുന്നതാണ് ചന്ദ്രിക ഒരു വായനസൃഹൃത്ത് എന്ന നിലക്ക് നമ്മിലുയര്‍ത്തുന്ന സന്ദേഹങ്ങള്‍…..രാജ്യദ്രോഹപട്ടവും മാധ്യമ വേട്ടയും ന്യൂനപക്ഷ വിരുദ്ധ നയങ്ങളും ഘടനാപരമായി തന്നെ നിലവിലെ ഭരണകൂടത്തിന്റെ സവിശേഷതകളായത് കൊണ്ട് തന്നെ പാര്‍ട്ടി പത്രത്തേക്കാള്‍ ചന്ദ്രിക ആഴ്ചപതിപ്പിന്റെ ബൗദ്ധിക സ്‌പേസ് കൂടുതല്‍ നിര്‍ണായകമാണെന്നാണ് നാം മനസ്സിലാക്കുന്നത്. ചന്ദ്രിക ഒരു സെക്കണ്ടറി സ്‌പേസായി കാണുന്നതിന് പകരം മലയാളിയുടെ ഗൗരവതരമായ വായനപരിസരങ്ങളുടെ വേദിയായികണ്ട് തന്നെ അതിന് സുദീര്‍ഘ കാല പരിഹാരവുമായി ബന്ധപ്പെട്ട രാഷ്ട്രീയനേതാക്കളും മാനേജ്‌മെന്റും മാന്യ എഴുത്തുകാരും വായനക്കാരും മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *