കിളി പോയി’ എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താവും?

കിളി പോയി’ എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താവും? എന്നുമുതലാവും ഈ പ്രയോഗം പ്രചാരത്തില്‍ വന്നുകാണുക. എന്തായാലും ഇന്നത്തെ സോഷ്യല്‍ മീഡിയാ വക്കാബുലരിയില്‍ വലിയ ഉപയോഗമുള്ളൊരു വാക്കാണത്. സുഹൃത്ത് ഫാസില്‍ ഫിറോസിന്റെ(Fasil Firoos) book challenge ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രാവിലെ മുതലേ പുസ്തകങ്ങളെ കുറിച്ചുള്ള ആലോചനകള്‍ തലയില്‍ കയറിയിരുന്നു. ഇഷ്ടപ്പെട്ട ഏഴ് പുസ്തകങ്ങള്‍ ഒന്നൊന്നായി ഏഴ് ദിനങ്ങളില്‍. സംഗതി രസകരമായി തോന്നി. മുമ്പ് ചെയ്തിരുന്ന സുഹൃത്തുക്കളെ പലരെയും അത്യാവേശപൂര്‍വ്വമാണ് വായിച്ചത്. Swalih Amminikkad നേയും Saleem Deli യേയും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷെ, ഒരു പുസ്തകം തിരഞ്ഞെടുക്കേണ്ട സമയം വന്നപ്പോള്‍ ഒന്ന് പ്രയാസപ്പെട്ടു. ‘ഏറ്റവും’ നിര്‍ണ്ണയിക്കല്‍ ഇച്ചിരി പ്രയാസം തന്നെയാണ്.അങ്ങനെയിരിക്കെയാണ് ഇന്ന് വൈകീട്ട് മഴ പെയ്യുന്നത്. കൂടെ ആലിപ്പഴവും. കൊറോണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കടക്ക് മുന്നില്‍ വരിനില്‍ക്കുകയായിരുന്നു ഞാന്‍. മഴത്തുള്ളികളോടൊപ്പം വീഴുന്ന ഐസ് കട്ടകളാണ് ആലിപ്പഴം. ഇടമഴക്കാലത്ത് വയനാട്ടില്‍ പതിവുള്ളതാണ് ആലിപ്പഴവീഴ്ച്ച. ഘനീഭവിച്ച മേഘക്കെട്ടില്‍ നിന്ന് ഉരുകാന്‍ കാത്ത് നില്‍ക്കാതെ ‘ഉളരി’യെത്തുന്നതാണ് ആലിപ്പഴമെന്നാണ് എന്റെ കണക്കുകൂട്ടല്‍. (ഉളരല്‍ പ്രയോഗത്തിന് കിതാബോതിത്തന്ന ഉസ്താദുമാരോടാണ് കടപ്പാട്, വി. അബ്ദുൽ ലത്തീഫ് സാര്‍ എഴുതിയ ദര്‍സ് മലയാളമെന്ന പഠനത്തില്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാണുമെന്ന് തോന്നുന്നു) പണ്ട് വയനാട്ടില്‍ പെയ്യാറുള്ള ആലിപ്പഴങ്ങളെ കുറിച്ച് കോളേജിലെ സുഹൃത്തുക്കളോട് തള്ളുന്നതിനിടെ ഞാന്‍, വയനാട്ടില്‍ ആലിപ്പഴം പെയ്യാന്‍ കാരണം ഞങ്ങള്‍ ആകാശത്തോട് കൂടുതല്‍ ചേര്‍ന്നുള്ളതുകൊണ്ടാണെന്നൊരു ന്യായീകരണം ചമച്ചത് ഓര്‍ക്കുന്നു. അല്ല, ആലിപ്പഴത്തിന് ആ പേര് കിട്ടിയതെങ്ങനെയാവും?പറഞ്ഞുവന്നത് ഇന്നത്തെ പുസ്തകത്തെ കുറിച്ചാണല്ലോ! അഥവാ, വൈകുന്നേരത്തെ ആലിപ്പഴ വീഴ്ചയും നോക്കി റേഷന്‍ കടക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് താഴെ ചിത്രത്തിലുള്ള പുസ്തകം മനസ്സിലെത്തുന്നത്. വായിച്ചു ‘കിളി പോയ’ പുസ്തകം! സര്‍റിയലിസം എന്ന രചനാരീതിയുടെ സര്‍വ്വ തീക്ഷണതയും തികഞ്ഞ കൃതി. ജാപ്പനീസ് എഴുത്തുകാരന്‍ ഹറുകി മുറകാമിയുടെ 2002-ല്‍ പ്രസിദ്ധീകൃതമായ Kafka On the Shore എന്ന നോവല്‍. കഥയില്‍ ആകാശത്ത് നിന്ന് ഒച്ചുകളും തവളകളും വര്‍ഷിക്കുന്നുണ്ട്, ആലിപ്പഴം പോലെ. പൂച്ചകളോട് സംസാരിക്കുന്ന ഒരു കഥാപാത്രമുണ്ട്. ലോക്ഡൗണായതില്‍ പിന്നെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായ മൂന്ന് പൂച്ചക്കുട്ടികളോട് സംസാരിക്കാനുള്ള ശ്രമത്തിലുമാണ് ഞാന്‍. ഫ്യൂ… ചുണ്ട് ചുരുക്കി ഉള്ളിലേക്ക് വായു വലിച്ച് ഞാനുണ്ടാക്കുന്ന ശബ്ദം ഭക്ഷണത്തിനുള്ള വിളിയാളമാണെന്ന് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു.പുസ്തകത്തിന്റെ വിശേഷങ്ങളിലേക്ക് അധികം കടക്കരുതെന്നാണ് നിബന്ധന. മുറകാമിയുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തിയ സാജിദ് പറഞ്ഞത് മാത്രം പങ്കുവെക്കുന്നു. ‘വായിച്ചുകഴിയുമ്പോള്‍ ഒരു പൊക! ആ പൊകയിലങ്ങനെ പുകഞ്ഞിരിക്കുന്നതിന്റെ ഒരു സുഖം!’ നിങ്ങള്‍ അറിയാത്ത ജീവിതങ്ങള്‍ കെട്ടുകഥകളാണെന്ന് കേട്ടിട്ടുണ്ടാവും. പക്ഷെ, ശരിക്കും ഒരു കെട്ടുകഥക്ക് ഇത്രമാത്രം ആകര്‍ഷകമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടാവില്ല! ഒരു നോവല്‍ മൂര്‍ത്തമായ ചിത്രങ്ങളോ ഭാവുകത്വം കലര്‍ന്ന യാഥാര്‍ഥ്യങ്ങളോ ആയിരിക്കണമെന്ന് നാം ശഠിക്കുന്നുവെങ്കില്‍ നമുക്ക് നഷ്ടമാവുന്നത് അതിയാഥാര്‍ഥ്യത്തിന്റെ അനന്തമായ രചനാസാധ്യതകളാണ്. “You take the blue pill, the story ends, you wake up in your bed and believe whatever you want to believe. You take the red pill, you stay in wonderland, and I show you how deep the rabbit hole goes.” –The Matrix

Leave a Reply

Your email address will not be published. Required fields are marked *